
തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ കൗൺസിലർ ബി. രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ബി രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ വ്യക്തമാക്കി. കൗൺസിലർ സ്ഥാനം രാജിവെപ്പിച്ച ശേഷമാണ് രാജേന്ദ്രനെ സിപിഎം പുറത്താക്കിയത്. റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തായതിന് പിന്നാലെയാണ് പാർട്ടി നടപടി.
കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ പ്രദേശവാസികളോട് രാജേന്ദ്രൻ ഒരു ലക്ഷം രൂപ കമ്മിഷൻ ചോദിച്ചുവെന്നായിരുന്നു ആരോപണം. രാജേന്ദ്രൻ പണം വാങ്ങുന്നതിന്റെ ദൃശ്യവും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.
പാർട്ടി ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തിൽ കൗൺസിലർക്കെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്ന് കണ്ടെത്തി. ചില പ്രവർത്തനങ്ങൾ നടത്തിയെന്ന് പാർട്ടിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജോയ് പറഞ്ഞു. മറ്റൊരു പാർട്ടിക്കും ചെയ്യാൻ കഴിയാത്ത നടപടിയാണ് സിപിഎം സ്വീകരിച്ചിട്ടുള്ളതെന്നും ജോയ് പറഞ്ഞു.









